Wednesday, October 5, 2011

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ ഒരു രാത്രി


രാത്രിയില്‍ പുസ്തകമെടുത്ത് വായന തുടങ്ങിയപ്പോഴേക്കും
ഉറങ്ങി വീഴാന്‍ തുടങ്ങി . . .
പിന്നെ,
ന്യൂട്ടന്റെ കണ്ടുപിടുത്തം ; ഭൂ”ഗുരുത്ത്വാഗര്‍ഷണം”
ശരിയാണെന്നുറപ്പിച്ച് കിടപ്പറയിലേക്ക് നീങ്ങി.
നനഞ്ഞ കാറ്റില്‍ ജനലഴികള്‍ക്കിടയിലൂടെ
വഴിവിളക്ക്‌ വിളിച്ചോദി ,
വരൂ . . 
ഞാന്‍ നിന്നെ അടുത്ത ‘കലാം’ ആക്കാം.
വേണ്ടന്നു കൊഞ്ഞനം കുത്തി മുറിയിലെ ലൈറ്റ് അണച്ചപ്പോള്‍,
മനസ്സില്‍ ഹെലെന്‍ കെല്ലെര്‍ വന്നു മന്ത്രിച്ചു,
“എല്ലാവരും ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിരിക്കുകയായിരുന്നു”
അവസാനം ഇവരില്‍ നിന്നോക്കെയോടി 
പുതപ്പിനടിയില്‍ ചുരുണ്ട്പ്പോഴോ?
ഉറക്കം മുഖം തിരിച്ചു മാറിക്കിടക്കുന്നു.



Monday, September 19, 2011

കവിത


അന്നോരാ സന്ധ്യയില്‍,
എന്‍ ചാരുകസേരക്കടുത്ത്, ഉമ്മറപ്പടിയില്‍
അവള്‍ വന്നിരുന്നു, കവിത . . . ..
ഒരു നേര്‍ത്ത തേങ്ങലോടെ തന്‍ കഥ പറയുവാന്‍ തുടങ്ങി.
കാട്ടില്‍ ജനിച്ചു ,  കാടര്‍ വളര്‍ത്തി.
നാട്ടില്‍ പഠിച്ചു , പരിഷ്കൃതയായി.
എഴുത്താണിയില്‍ നിന്ന് പേനയിലെത്തിയപ്പോള്‍
മെലിഞ്ഞു സുന്ദരിയായി.
നോക്കാന്‍ പേടി തോന്നുന്ന 'തടിച്ച സമൃദ്ധ' ശരീരം കളഞ്ഞ്,
ആരുടേയും കണ്ണുടക്കുന്ന 'മെലിഞ്ഞ' ഒന്ന് സ്വന്തമാക്കി.
കഥയ്ക്കൊടുവില്‍ ഒറ്റ ചോദ്യം,
“ എനിക്കൊരു ജീവിതം നല്‍കുമോ ? ”
വീണ്ടും 'ശോഷിച്ചുണങ്ങാന്‍' മടിയില്ലെങ്കില്‍
കൂടിക്കൊളാന്‍ പറഞ്ഞു ഞാന്‍.
ഇന്ന് മെലിഞ്ഞുണങ്ങിയൊരു ഈരടിയായ്‌
അവളെന്‍ തൂലികത്തുമ്പില്‍ പുഞ്ചിരിതൂകി നില്‍ക്കുന്നു. 


Sunday, September 11, 2011

രക്തദാഹി


പ്രണയമേ . . .
ഞാനല്ലലോ നിന്നെ കൊലപെടുത്തിയത്?
എന്നിട്ടും,
നിദ്രാവിഹീന രാത്രികളില്‍ നിന്‍റെ പ്രേതം,
എന്തിനെന്‍റെ ഓര്‍മ്മയുടെ പിന്‍ ഗളത്തില്‍
ദൃമ്ഷ്ടയിറക്കുന്നു?

പ്രണയം


ബാല്യത്തില്‍,
അവളുടെ കുപ്പിവളക്കൈക്കുള്ളിലെ മഷിത്തണ്ടിന്‍റെ
നനവായിരുന്നു എന്‍റെ  പ്രണയം .
കൌമാരത്തില്‍ ,
പരസ്പരം എല്ലാമറിഞ്ഞിട്ടും പറയാതെ -
മാറ്റിവച്ചൊരാ വാക്കുകളായിരുന്നു എന്‍റെ പ്രണയം.
യൌവനത്തില്‍ ,
അവളുടെ പ്രാരബ്ധത്തിന്‍ വിയര്‍പ്പുത്തുള്ളിയായ്‌
മാറിയെന്‍റെ   പ്രണയം.
വാര്‍ദ്ധക്യത്തില്‍ ,
അവള്‍ ചുണ്ടോടു ചേര്‍ത്തോരാ ഗുളികത്തുംബി-
ലുറങ്ങിയെന്‍റെ  പ്രണയം.
അവസാനം പട്ടടയില്‍ എരിഞ്ഞടങ്ങുബോള്‍,
അവള്‍ തന്‍ കണ്ണില്‍നിന്നുതിര്‍ന്നു വീണോരാ -
അശ്രുബിന്ധുവില്‍ എന്‍റെ പ്രണയം മരിക്കുന്നു.


Thursday, June 30, 2011

ആത്മഹത്യാക്കുറിപ്പ്‌


കടക്കാരനായിരുന്നു ഞാന്‍,
പണത്തിനു മുന്‍പിലും ,
സ്നേഹത്തിന് മുന്‍പിലും.
ജീവിതത്തില്‍, നിന്നു വിയര്‍ത്തപ്പോഴെല്ലാം
കാറ്റ് നല്‍കിയോനെ . . .
ഇതാ ഞാനെന്‍റെ ജീവന്‍റെ കാറ്റ്,
നിനക്കായ്‌ പകരം തരുന്നു.

Friday, June 10, 2011

കാലമേ . . . നിനക്ക് പ്രണാമം


ഓര്‍മ്മകളുടെ മാറാപ്പുമായി, മറവിയുടെ
മാറാല പിടിച്ച ഇടവഴിയിലേക്കൊരു മടക്കയാത്ര.
പിന്നിട്ട വഴികളില്‍ പതിപ്പിച്ച
കല്പാടുകള്‍ക്കായ് ഒരു തിരച്ചില്‍.
വൈകിയറിഞ്ഞു അതൊരു  വിഫലശ്രമമാണെന്നു.
കാരണം -
ജീവിതമെന്ന മഹായാനത്തിലായ്-
ഞാന്‍ പതിപ്പിച്ചോരാ കാല്പ്പാടുകളെല്ലാം
വികൃതിയാം പ്രകൃതി
തകൃതമായ്‌ മാച്ചു കളഞ്ഞിരിക്കുന്നു.
ഇന്ന് ഞാനൊരു ഏകാന്ത പഥികന്‍.
പ്രിയപ്പെട്ടവര്‍ക്ക് പോലും സുപരിചിതനായൊരു അപരിചിതന്‍.
കാലമേ  . . .  നിനക്ക് പ്രണാമം . . .

Friday, April 29, 2011

ഒരു സംശയം


ഇന്നുച്ചക്ക് അത് സംഭവിച്ചു-
കാലന്‍റെ മരണം.
അനേകായിരം ജീവിതങ്ങളില്‍
വൈകല്യത്തിന്‍റെ ഇരുട്ട് പടര്‍ത്തിയ
ആ കാലന്‍ - എന്‍ഡോസള്‍ഫാന്‍, ഇന്ന് മരിച്ചു.
അല്ല , ദാരുണമായി കൊലചെയ്യപ്പെട്ടു.
മിച്ചമുള്ളത് ഒരു സംശയം മാത്രം.
മരിച്ചത്‌ കാലനാണോ അതോ ബ്രഹ്മാവാണോ?  
കാരണം ,
പോയ പോക്കില്‍ തകിടം മറിഞ്ഞത്‌
ഇന്ത്യന്‍ സമ്പദ്ഘടന .
ഉല്പാദനത്തിന്‍റെ വാമഭാഗം ഊട്ടിയുറക്കിയിരുന്ന
ജന്മങ്ങളിനി പട്ടിണിയിലേക്ക്.
കണ്ണീരിനുപ്പുറച്ചു വിറങ്ങലിച്ച മണ്ണില്‍
പൊന്നു വിളയിക്കാനിനി അവനില്ല.
ഒന്നുറപ്പ്. . .
ഈ മരണം ദാരിദ്ര്യ രേഖയില്‍ കൂട്ടിച്ചേര്‍ത്തത് ഒരുപാട് പേരെ.
അല്ല, വേണമായിരുന്നോ ഈ കൊലപാതകം?
കണ്ഠഭരണമായി എടുതണിഞ്ഞത് കൊലകയറായിരുന്നോ?
അറിയില്ലെനിക്ക്
ഇത് കാലം കലിതുള്ളുന്നതോ?
അതോ, കലികാലം തുള്ളിക്കുന്നതോ?

Tuesday, April 12, 2011

തെരഞ്ഞെടുപ്പ്‌


മാലോകരെ പരിച്ചയപെടുത്താം ഞാന്‍ ഇരുകൂട്ടരെ
മരിച്ചു ഭരിക്കുകയും, ഭരിച്ചു മരിക്കുകയും ചെയ്യുവോര്‍
സ്വന്തം സിരയിലെ ചുവപ്പുമായുമ്പോള്‍
അന്യന്‍റെ സിരയിലെ ചുവപ്പെടുക്കുവോര്‍
കൈപ്പത്തിയിലെ രേഖ തിരിയുമ്പോള്‍
 മറ്റുള്ളവരുടെ കൈയറുക്കുവോര്‍
പച്ചനോട്ടിന്‍റെ സൂര്യ പ്രഭയില്‍ വിരിയുന്ന താമരകണ്ണുകള്‍
കീശ നിറക്കാന്‍ മീശവിറപ്പിക്കുന്ന സ്വതന്ത്ര മുഖങ്ങള്‍. . .
എല്ലാവരാലും ഭരിക്കപെടുന്ന മറ്റൊരു കൂട്ടരും . . .



Sunday, March 6, 2011

ഇന്നലെകളുടെ ഓര്‍മ്മക്ക്


ഇന്നലെയാണ് ഓര്‍മ്മയുടെ ഭിത്തിയില്‍
ചിതലരിക്കുന്നതായ് കണ്ടത്‌.
പെട്ടന്നു തന്നെ നിറമണിഞ്ഞ ഭിത്തിതന്‍-
ചായക്കൂട്ടുകള്‍ ഇളക്കി കളഞ്ഞു ഞാന്‍
ബാല്യത്തിലെത്തി. . .
മൂവാണ്ടന്‍ മാവിന്‍റെ ചുണയുണങ്ങാത്ത
കവിളത്ത് അമ്മ തരുമായിരുന്ന പൊന്നുമ്മയും,
അടിയുടുപ്പിന്‍റെ ചേലില്‍ കൂടെകളിച്ച  പ്രിയ തോഴിയും
ചുവരിന്‍റെ ചെരുവില്‍ തെളിഞ്ഞു വന്നു.
പെട്ടെന്നു ചിലച്ചോരാ ഗവ്ളിതന്‍ ശബ്ദം-
കൌമാരത്തിന്‍റെ നഗര ഭോഗങ്ങളെ വരച്ചു വന്നു.
ഓടുന്ന നാടിന്‍റെ നടുവിലൂടോടി ഞാനൊരെന്‍ജിനീയറായതും,  
പൊന്നില്‍ കുളിച്ചു നിന്നൊരാ കല്ല്യാണ രാവും,
വലിയൊരു പ്രൊജെക്ടിനിടയില്‍ കണ്മിഴിച്ചോരെന്‍ പോന്നു മകനും ഭിത്തിതന്‍ മാറാലകള്‍ക്കിടയിലൂടെന്നെ നോക്കി ചിരിച്ചു നിന്നു.
ബോണ്ടെന്നെഴുതിയ കടലാസിന്‍റെ തുണ്ടുകള്‍
അച്ഛനെന്ന പേരുമാത്രമാക്കി തീര്‍ത്തുവെന്നെ.
മകനെ വാരി പുണരാത്ത കൈകളെ,
ചേര്‍ത്തു വച്ചോരുമ്മനല്‍ക്കാത്ത  പിതൃത്വത്തെ
വലിചെറിഞ്ഞവന്‍ പോയതില്‍ ഇന്നെനിക്ക് ദുഃഖമില്ല.
ജീവിതം പണയം വച്ചു ഞാന്‍ നേടിയ പച്ച-
നോട്ടിന്‍റെ തുണ്ടുകള്‍ കൂട്ടിരിക്കുന്നു ഇന്നെനിക്ക്.
നിറമണിഞ്ഞ ഈ നാല് ചുവരുകള്‍ക്കുള്ളില്‍ തീരുന്നു
എന്‍റെ വാലിഡിറ്റി. . .

Monday, February 14, 2011

ഞാന്‍ ഒരു തൂലികാധാരി

എന്‍റെ വാക്കിലെ മൂര്‍ച്ച തീരുമ്പോള്‍
അറുത്തെടുക്കുക എന്‍റെ നാവ്‌
എന്‍റെ വരികള്‍ക്ക് തീവ്രത കുറയുമ്പോള്‍
വലിച്ചെറിയുക എന്റെ തൂലിക
എന്‍റെ അക്ഷരങ്ങള്‍ക്ക് മിഴിവ് കുറയുമ്പോള്‍
മറക്കുക എന്നിലെ തൂലികാധാരിയെ
എന്നിലെ ഭാഷ മരിക്കുന്നയന്നു
മറക്കുക എന്നെതന്നെയും

Monday, February 7, 2011

‘തീ’വണ്ടി.....

അന്വര്‍ത്ഥമാക്കി കാലമാപ്പേരും,
                 തീവണ്ടി.....
കല്‍ക്കരിക്കൊപ്പം ഇന്നലെയൊരു നാരിതന്‍
ജീവനും മാനവും ഒരുമിച്ചെരിഞ്ഞുപോയ്‌
രക്തക്കറ പുരണ്ടോരാ ജീവിത പാളങ്ങളില്‍.
അവള്‍...... ആ ഏകാന്ത പഥിക ,
ഇരുളിന്റെ വീഥിയില്‍ ബലികൊടുക്കപ്പെട്ടവള്‍,
അറിഞ്ഞിരുന്നില്ലന്നു വരെ,
ഇരു കരങ്ങളാല്‍ മാതാവിനെ കൊല്ലുവോനൊരു കരം മതി
മറ്റൊരു തരുണിയെ ചീന്തിപറിക്കുവാനെന്നു ........
മൂളിപറക്കുമാ തീവണ്ടിതന്‍ ശബ്ധതിനിടയില്‍-
ചിതറി തെറിച്ചോരാ നേര്‍ത്ത നാദം ,
കേള്‍ക്കാതെ പോയ മാന്യ സമൂഹമേ ......
അറിയില്ലെനിക്ക് നിന്നെ കാത്തിരിപ്പതെന്തെന്നു
ജനനിതന്‍ തേങ്ങലോ അതോ സോദരി തന്‍ കണ്ണീരോ?