Thursday, December 30, 2010

സ്വന്തം ചോര ചതിച്ച നിമിഷം

അവളെ ഞാനെത്ര ഇഷ്ടപെടുന്നെന്നറിയാന്‍
ഒരിക്കലവളെന്‍ ഹൃദയത്തില്‍ കയറി.
രക്തച്ചുവപ്പിനാല്‍ മൂടിനിന്നിരുന്നോര -
ഹൃദയത്തിന്റെ ജങ്ങ്ഷനില്‍,
സൌഹൃദത്തിന്‍റെ മഞ്ഞ സിഗ്നലായിരുന്നു
അവള്‍ കണ്ടത്‌.
നിറഞ്ഞൊഴുകിയിരുന്ന രക്തത്തുള്ളികള്‍ക്കിടയില്‍,
തൊട്ടുമുകളില്‍ കത്തിയിരുന്ന
പ്രണയത്തിന്റെ ചുവപ്പവള്‍ കണ്ടതേയില്ല.....
സ്വന്തം ചോര തന്നെയെന്നെ ചതിച്ച നിമിഷം.



Sunday, December 12, 2010

ഒരു കവിയുടെ ഓര്‍മ്മക്ക് ....

ഇന്നലെ ആ പാതയോരം വിജനമായിരുന്നു.
അന്ജാതനൊരുവന്‍ , മാളമില്ലാത്ത പാമ്പ്,
സൂര്യനു താഴെ ,മറകളില്ലാതെ ,
ആ വീഥിയിലൂടെ പോയ പഥികര്‍ക്കെല്ലാം
ഒരു കാഴ്ച്ചയായ്‌ കിടപ്പുണ്ടായിരുന്നു....
കാക്കിയിട്ടവന്റെ കാരുണ്യം ആശുപത്രിയിലെത്തിച്ച
ആ ദേഹത്തില്‍ ബാക്കിയായത്
കവിതാസ്വരൂപനായ ദേഹി മാത്രം........
കുപ്പായത്തിനിടംകൈമടക്കിലെ കീറ കടലാസ്സിലെ
അക്ഷരക്കൂട്ടുകള്‍ വിളിച്ചലറി ഞാന്‍ കവി, അയ്യപ്പന്‍...
വേട്ടയാടിയിരുന്ന വേടന്റെ അമ്പിനിരയായവന്‍ ...

Tuesday, December 7, 2010

വിസ്മൃതി

നിറവാര്‍ന്ന മഴയില്‍,നിറമാര്‍ന്ന വഴിയില്‍
നിറഞ്ഞ മിഴിയോടെ ;ഞാനെന്‍ ജീവിതത്താളുകള്‍
മറിച്ചൊരാ സന്ധ്യയില്‍ ,കണ്ടു ഞാന്‍
മൃതിയടയാന്‍ വെമ്പുമൊരായിരം ഓര്‍മ്മകളെ.
ആദ്യാശ്രയത്തിന്‍റെ പെരുവിരല്‍ വിട്ടന്നാ-
മുറ്റത്തു വീണന്നുറക്കെ കരഞ്ഞതും,
ചിറകിന്നടിയിലഭയം തന്ന പൊന്നമ്മതന്‍
മാറിന്‍റെ ചൂടേറ്റുറങ്ങീതും ,
പൊട്ടിപ്പൊളിഞൊരാ കുളക്കടവിന്‍റെ താഴത്തു
കൂട്ടുകാര്‍ക്കൊപ്പം മുങ്ങാം കുഴിയിട്ടതും ,
പൂത്തുമ്പികള്‍ പാറിപ്പറക്കുന്ന പാടത്തു
കറുക നാമ്പിനാല്‍ അവളെന്‍ കണ്‍തടം  നനച്ചതും
മൃതിയടയാന്‍ വെമ്പുമൊരോര്‍മ്മയായ്‌
അണിഞ്ഞു നില്‍പ്പൂ  എന്‍ മാനസ്സക്കൂട്ടിലായ്‌...
പിന്നീടൊരുപുലരിയില്‍ പിന്നിലുടഞൊരാ
മണ്‍ കുടവും,നാളുകള്‍ക്കപ്പുറം രണ്ടായി -
കുഴയ്ക്കേണ്ടി വന്നൊരാ  ബലിചോറുരുളയും
അനാധമാക്കിയെന്‍റെ  ഓര്‍മ്മത്താളുകളെ....
വിസ്മൃതിയിലാണിന്നു ഞാന്‍ ,
സുദീര്‍ഘമായൊരു വിസ്മൃതിയില്‍.....
തെളിയാതെയണഞൊരെന്‍ ബാല്യവും ,
ചൂടാതെ പോയൊരെന്‍ യൗവന മാല്ല്യവും
ഏകനാക്കിയെന്നെയിന്നാ വിസ്മൃതി തന്‍ താഴ്വരയില്‍.
അറിയുന്നു ഞാനിന്നു,
വിസ്മൃതി മൃതിയേക്കാള്‍ ഭയാനകമെന്നു .
ഒരു നിമിഷത്തിന്‍ വേദന മൃതിയെങ്കില്‍,
ഒരു ജന്മത്തിന്‍ നൊമ്പരമീ വിസ്മൃതി ! !
ഇന്നോരീ സന്ധ്യയില്‍ പിന്നിലേക്കായ്‌ മറിക്കുന്ന
താളിലെന്‍ സ്മൃതി മരിക്കുന്നു .
ഈ ഇരവിന്‍റെ തണുപ്പില്‍ ഇനി
ഞാന്‍ മറിക്കുന്നൊരെന്‍ അവസാന താളില്‍-
ഒലിച്ചിറങ്ങുമൊരു മഴത്തുള്ളിയായ്‌
ഞാനുമിനി വിസ്മൃതിയിലേക്ക്