Monday, September 20, 2010

ഘനശ്യാമവര്‍ണ്ണാ വരൂ!

ഘനശ്യാമവര്‍ണ്ണാ വരൂ!
ഘനശ്യാമവര്‍ണ്ണാ, വരൂ നിന്‍ മുരളികാ-
ഗീതികേട്ടുണരട്ടെയിജ്ജീവലോകം
ഘനശ്യാമവര്‍ണ്ണാ വരൂ.
ജീവിതയോധനപോര്‍ക്കളത്തില്‍ വന്നു
കൈകാല്‍ കുഴഞ്ഞുഴലുമഭിനവപാര്‍ത്ഥന്മാര്‍ക്കു
നവ്യമാം ഗീതാമൃതം പകര്ന്നേകുക
ഒരു പുതിയ ജീവിത മന്ത്രമേകീടുക
ഘനശ്യാമവര്‍ണ്ണാ, വരൂ നിന്‍ മുരളികാ-
ഗീതികേട്ടുണരട്ടെയിജ്ജീവലോകം.
വിശ്വം മുഴുവന്‍ ജയിച്ചു തനിക്കുമേല്‍
യാതോന്നുമില്ലെന്നഹംങ്കരിക്കുമ്പോഴും
നൊന്തു പ്രസവിച്ച കുഞ്ഞിനെ ,കമ്പോള-
വസ്തുവാക്കീടുന്നു പശിയടക്കീടുവാന്‍
സോദരിമാര്കളെ ചീന്തിയെറിയുന്നു
സോദരന്മാരുടെ കണ്ട്ടമറുക്കുന്നു.
അമ്മയെപ്പോലും ഹനിക്കാന്‍ തുനിയുന്നു
മാനുഷാകാരം ധരിച്ച കാപാലികര്‍.
സത്യവും ധര്‍മ്മവും പാടേ ക്ഷയിച്ചുപോയ്‌
നീതിയും ന്യായവും എങ്ങോ മറഞ്ഞു പോയ്‌
ത്യാഗവും കരുണയും പാഴ്കിനാവായി പോല്‍
സ്നേഹം വെരുമൊരഭംഗിവാക്കായിപോല്‍
പുഞ്ചിരിച്ചീടുന്ന പൂവിലും വഞ്ചന
നന്‍മധുവിന്റെ മാധുര്യത്തിലും വിഷം
സര്‍വ്വവും,മായയാണെന്ന മഹാതത്വം
സര്‍വ്വവും ‘മായ’ മാണെന്ന് തിരുത്തുന്നു.
ദുഷ്ടനാം കാളിയന്‍ വീണ്ടും ഫണം പൊക്കി
നൃത്തമാടുന്നു പ്രപഞ്ച കാളിന്ദിയില്‍.
ഒട്ടുമേ കോലം കളയാതെ, കാളിയ-
മര്‍ദ്ദക രൂപം ധരിച്ചു വന്നീടുക!
ഏതു നഗരത്തെ കുടയായ്‌പ്പിടിച്ചു നീ
വിശ്വ വിനാശ മഹാമേരി നേരിടും?
ഏതൊരു കൈതവപൈതലായ്‌ മാറിനീ
മുപ്പാരിടം മൂന്നടിയാലളന്നിടും
ഘനശ്യാമവര്‍ണ്ണാ, വരൂ നിന്‍ മുരളികാ-
ഗീതികേട്ടുണരട്ടെയിജ്ജീവലോകം.

No comments:

Post a Comment