നിറവാര്‍ന്ന മഴയില്‍,നിറമാര്‍ന്ന വഴിയില്‍
നിറഞ്ഞ മിഴിയോടെ ;ഞാനെന്‍ ജീവിതത്താളുകള്‍
മറിച്ചൊരാ സന്ധ്യയില്‍ ,കണ്ടു ഞാന്‍
മൃതിയടയാന്‍ വെമ്പുമൊരായിരം ഓര്‍മ്മകളെ.
ആദ്യാശ്രയത്തിന്‍റെ പെരുവിരല്‍ വിട്ടന്നാ-
മുറ്റത്തു വീണന്നുറക്കെ കരഞ്ഞതും,
ചിറകിന്നടിയിലഭയം തന്ന പൊന്നമ്മതന്‍
മാറിന്‍റെ ചൂടേറ്റുറങ്ങീതും ,
പൊട്ടിപ്പൊളിഞൊരാ കുളക്കടവിന്‍റെ താഴത്തു
കൂട്ടുകാര്‍ക്കൊപ്പം മുങ്ങാം കുഴിയിട്ടതും ,
പൂത്തുമ്പികള്‍ പാറിപ്പറക്കുന്ന പാടത്തു
കറുക നാമ്പിനാല്‍ അവളെന്‍ കണ്‍തടം നനച്ചതും
മൃതിയടയാന്‍ വെമ്പുമൊരോര്‍മ്മയായ്
അണിഞ്ഞു നില്‍പ്പൂ എന്‍ മാനസ്സക്കൂട്ടിലായ്...
പിന്നീടൊരുപുലരിയില്‍ പിന്നിലുടഞൊരാ
മണ്‍ കുടവും,നാളുകള്‍ക്കപ്പുറം രണ്ടായി -
കുഴയ്ക്കേണ്ടി വന്നൊരാ ബലിചോറുരുളയും
അനാധമാക്കിയെന്‍റെ ഓര്‍മ്മത്താളുകളെ....
വിസ്മൃതിയിലാണിന്നു ഞാന്‍ ,
സുദീര്‍ഘമായൊരു വിസ്മൃതിയില്‍.....
തെളിയാതെയണഞൊരെന്‍ ബാല്യവും ,
ചൂടാതെ പോയൊരെന്‍ യൗവന മാല്ല്യവും
ഏകനാക്കിയെന്നെയിന്നാ വിസ്മൃതി തന്‍ താഴ്വരയില്‍.
അറിയുന്നു ഞാനിന്നു,
വിസ്മൃതി മൃതിയേക്കാള്‍ ഭയാനകമെന്നു .
ഒരു നിമിഷത്തിന്‍ വേദന മൃതിയെങ്കില്‍,
ഒരു ജന്മത്തിന്‍ നൊമ്പരമീ വിസ്മൃതി ! !
ഇന്നോരീ സന്ധ്യയില്‍ പിന്നിലേക്കായ് മറിക്കുന്ന
താളിലെന്‍ സ്മൃതി മരിക്കുന്നു .
ഈ ഇരവിന്‍റെ തണുപ്പില്‍ ഇനി
ഞാന്‍ മറിക്കുന്നൊരെന്‍ അവസാന താളില്‍-
ഒലിച്ചിറങ്ങുമൊരു മഴത്തുള്ളിയായ്
ഞാനുമിനി വിസ്മൃതിയിലേക്ക്